Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സംഭവ ദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി.
കഴിഞ്ഞ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില്‍ പോകുകയായിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും മാനേജ്മെന്റ് ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണ്. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽനിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയത്.
കോളജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങളുണ്ടായി. ഈ സമയത്ത് കോളജ് പരമാവധി സഹായിച്ചു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു. അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളജിൽ എത്തിയത്.
നിതിൻ രാജ് ഒരാൾക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. അതേസമയം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരെ ചക്കരയ്ക്കല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് സൈബര്‍ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ചക്കരയ്ക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിതിന്റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനല്‍കി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.
Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കണ്ണൂർ ഡെന്റൽ കോളജിന്റെ നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിതിൻ രാജിന്റെ മരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി നിതിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളജിലെ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായി വി.എസ്. ശിവകുമാർ നിതിന്‍ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
ഇതോടൊപ്പം കോളജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ പ്രതികളായ അധ്യാപകർ നിലവിൽ ഒളിവിലാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമായിട്ടുണ്ട്. അതേസമയം നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി.
നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി എംപി. അന്വേഷണത്തിലെ കണ്ടെത്തലുകൾ പറഞ്ഞു. കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു.
എന്നാൽ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിതിൻ രാജിന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തത്. നിതിൻ രാജിന്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിനാണ് ചുമതല. കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയ്യും കാലും വെട്ടുമെന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ വ്യക്തമാക്കി.